ജീവിതദൗത്യം പൂര്‍ത്തിയാക്കി കടന്നുപോയ മഹാനാണ് ഇ.കെ : ഡോ.കെ.ടി. ജലീല്‍

കോഴിക്കോട് : ജീവിത ദൗത്യം പൂര്‍ത്തിയാക്കി കടന്നുപോയ മഹാനാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെന്ന് ഡോ.കെ.ടി ജലീല്‍ എം എല്‍ എ. കോഫീ ഇന്‍ കമ്മൂണിറ്റി കോഴിക്കോട് എം.എസ്.എസ് ഹാളില്‍ സംഘടിപ്പിച്ച 'ഇ.കെ നയ നിലപാടുകളും ചിന്താധാരയും' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക വിഷയങ്ങളില്‍ അസാന്നിദ്ധ്യം നമ്മെ അനുഭവപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു മഹാപണ്ഡിതനാണ് ഇ.കെ. സംവാദങ്ങള്‍ അറിയാനും അറിയിക്കാനും ഉള്ളതാണെന്ന കാഴ്ച്ചപ്പാട്  പുലര്‍ത്തിയ ശംസുല്‍ ഉലമ മതസാമൂഹിക മണ്ഡലത്തില്‍ ജ്വലിച്ചു നിന്ന മഹാ വ്യക്തിത്വമായിരുന്നുവെന്നും  കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു.

ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍  നിലനിര്‍ത്തി കൊണ്ട് തന്നെ ശരീഅത്ത് പ്രശ്‌നത്തില്‍ സമുദായത്തെ ഒന്നിപ്പിക്കുന്നതില്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും, മതേതര രാഷ്ട്രത്തില്‍ വിഭാഗീയ ചിന്താധാരയിലൂടെ നീങ്ങുന്നത് അപകടമെന്നു വീക്ഷിച്ച ക്രാന്തദര്‍ശിയായ പണ്ഡിതനായിരുന്നു ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെന്നും ഒ.അബ്ദുല്ല പറഞ്ഞു.

തുടക്കം മുതല്‍ അവസാനം വരെ വിഷയത്തിലൂന്നി സംസാരിക്കുക എന്ന സവിശേഷത ശംസുല്‍ ഉലമയുടെ വാക്കുകള്‍ക്ക് ശക്തി പകര്‍ന്നുവെന്നും, ആര്‍ജ്ജവമുള്ള പണ്ഡിതനായിരുന്നു ശംസുല്‍ ഉലമയെന്നും  സി.ഹംസ അഭിപ്രായപ്പെട്ടു.

അവകാശങ്ങള്‍ മുസ്‌ലിം സമുദായത്തിനു അനുവദിച്ച് നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് സഹകരിക്കുമെന്ന നിലപാട് സ്വീകരിച്ച ശംസുല്‍ ഉലമയെ കോണ്‍ഗ്രസിന്റെയും അഖിലേന്ത്യാ ലീഗിന്റെയും, മുസ്‌ലിം ലീഗിന്റെയും വേദിയില്‍ കാണാന്‍ സാധിച്ചിരുന്നുവെന്നു ഡോ.ഹുസൈന്‍ രണ്ടത്താണി നിരീക്ഷിച്ചു.

സെമിനാറില്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍ മോഡറേറ്ററായിരുന്നു. ഷബിന്‍ മുഹമ്മദ്, ജാബിര്‍ മലബാരി, ഹസീബ് ജൈഹൂന്‍, മുഹമ്മദ് റാഷിദ് തുടങ്ങി കോഫീ ഇന്‍ ഭാരവാഹികള്‍  സംസാരിച്ചു.
- SHABIN MUHAMMED