താനൂര്‍ : പ്രകാശിതമാകാതെ പോയ അറിവിന്റെ അനര്‍ഘ ശേഖരങ്ങള്‍ തേടി ഹൈദരാബാദില്‍ നിന്ന് രണ്ട് ഗവേഷകര്‍ താനൂരിലെത്തി. അറിവിന്റെ പ്രസരണവഴിയില്‍ നൂറിന്റെ നിറവില്‍ നിറഞ്ഞ് നില്‍ക്കുന്ന താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള പുരാതന കയ്യെഴുത്ത് പ്രതികളുടെ അപൂര്‍വ്വ ശേഖരം കാണാനും പ്രസാധനത്തിന്റെ സാധ്യതകള്‍ ആരായാനുമാണ് കയ്യെഴുത്ത് പ്രതികളുടെ സംശോധനകളും പ്രസാധനവും ജീവിത സപര്യയാക്കി മാറ്റിയ ഡോ. മുസ്തഫ ശരീഫും ഡോ. അലീം അഷ്‌റഫ് ജൈസിയും താനൂരിലെത്തിയത്.
അമൂല്യങ്ങളായ നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ സംശോധന നിര്‍വ്വഹിച്ച് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രസാധനാലയങ്ങളിലൊന്നായ ദാഇറത്തുല്‍ മആരിഫ് അല്‍ ഉസ്മാനിയ്യയുടെ ഡയറക്ടറും ഉസ്മാനിയ്യ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറുമാണ് ഡോ. മുസ്തഫ ശരീഫ്. മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനുവേഴ്‌സിറ്റിയിലെ അസോ. പ്രൊഫസറാണ് സഹപ്രവര്‍ത്തകന്‍ ഡോ. അലീം അഷ്‌റഫ് ജൈസി. അമൂല്യങ്ങളായ അറബിക് ക്ലാസിക്കല്‍ കൃതികളുടെ കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ 1888 ലാണ് ദാഇറതുല്‍ മആരിഫ് സ്ഥാപിതമായത്. 70000 ത്തിലേറെ വാള്യങ്ങളിലായി മുന്നൂറോളം അനര്‍ഘഗ്രന്ഥങ്ങളാണ് ഇതിനകം ദാഇറത്തുല്‍ മആരിഫ് ലോകത്തിന് സംഭാവന ചെയ്തത്. 1944 മുതല്‍ പ്രശസ്ഥായ ഉസ്മാനിയ്യ യൂനിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായാണ് ഈ പ്രസാധനാലയം പ്രവര്‍ത്തിക്കുന്നത്.
ദാഇറത്തുല്‍ മആരിഫിന്റെ സേവനത്തിന്റെ ഭാഗമായി നിരവധി കയ്യെഴുത്ത് കൃതികള്‍ സംശോധന നിര്‍വ്വഹിച്ച് പ്രസിദ്ധീകരണ യോഗ്യമാക്കിയിട്ടുണ്ട് ഡോ. മുസ്തഫാ ശരീഫും ഡോ. അലീം അഷ്‌റഫ് ജൈസിയും. താനൂരിലെ അപൂര്‍വ ഗ്രന്ഥ ശേഖരം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും അവ വെളിച്ചം കാണിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും ഇരുവരും പറഞ്ഞു.
കയ്യെഴുത്ത് പ്രതികളെക്കുറിച്ചുള്ള ഗവേഷണവും പ്രസാധനവും എന്ന വിഷയത്തില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസ് സംഘടിപ്പിച്ച ദ്വിദ്വിന ശില്‍പശാലക്ക് കാര്‍മികത്വം വഹിക്കാനാണ് ഇരുവരും കേരളത്തിലെത്തിയത്.
ശനിയാഴ്ച രാവിലെ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ശില്‍പശാല ഉദ്ഘാടനം ചെയ്തു. പുരാതന കയ്യെഴുത്ത് പ്രതികളുടെ പ്രസാധനത്തിന്റെ സാധ്യതകളും പ്രസ്തുത മേഖലയിലെ പുതിയ പ്രവണതകളും ചര്‍ച്ച ചെയ്ത ശില്‍പശാല താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലെ ഗ്രന്ഥശേഖരം സന്ദര്‍ശനത്തോടെ സമാപിച്ചു.
- Darul Huda Islamic University