കോഴിക്കോട്: ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നതായി കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു.
വിശ്വാസിയുടെ അകതാരില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ചുകൊണ്ടാണ് ബലിപെരുന്നാള്‍ കടന്നുവരുന്നത്. ആത്മസമര്‍പ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും മഹല്‍ പ്രതീകമായി നമുക്ക് മുന്നില്‍ വഴി കാട്ടിയ ഖലീലുല്ലാഹി ഇബ്‌റാഹീം നബിയെയും ഹാജറാബീവിയെയും ഇസ്മാഈല്‍ നബിയെയും അനുസ്മരിച്ചാണ് ഓരോ ഹജ്ജിലൂടെയും ബലി പെരുന്നാള്‍ കര്‍മ്മങ്ങളിലൂടെയും നാം ചെയ്യുന്നത്-തങ്ങൾ പറഞ്ഞു.
പരസ്പര സ്‌നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കണം...
അല്ലാഹു ഇഷ്ടപ്പെടുന്ന രൂപത്തില്‍ ആരാധനകള്‍ നിര്‍വഹിച്ച് അവന്റെ തൃപ്തി നേടുന്ന വിശ്വാസികളില്‍ അല്ലാഹു നമ്മെ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടേ എന്നും ഈദ് സന്ദേശത്തിൽ തങ്ങൾ കൂട്ടിച്ചേർത്തു.