കോഴിക്കോട്: വിവാഹധൂര്‍ത്തിനും വിവാഹ ആര്‍ഭാടത്തിനുമെതിരെ സമുദായം ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
മുസ്ലിം വിവാഹ ചടങ്ങുകളില്‍ ധൂര്‍ത്തും പൊങ്ങച്ചവും ആഭാസങ്ങളും മറ്റു അനിസ്ലാമിക പ്രവണതകളും വര്‍ധിച്ചിരിക്കുകയാണ്. തികച്ചും ലളിതവും മനോഹരവുമായ ഇസ്ലാമിക വിവാഹം വലിയ ഭാരവും ബാധ്യതയുമായി മാറി. പണക്കാര്‍ പ്രൗഢി കാണിക്കാന്‍ നടത്തുന്ന വിവാഹ മാമാങ്കങ്ങള്‍ സാധാരണക്കാരനും അനുകരിക്കേണ്ട സ്ഥിതി വന്നു. ഇക്കാരണത്താല്‍ ഒരു കല്യാണത്തോടെ കുടുംബനാഥന്‍ ഭാരിച്ച കടബാധ്യത തലയില്‍ പേറാന്‍ നിര്‍ബന്ധിതനാകുന്നു.
കുടുംബത്തിന്‍െറ നിലനില്‍പിനെതന്നെ അപകടപ്പെടുത്തുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായി.
ഈ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിന് മഹല്ലുതലത്തിലും സംഘടനാ തലത്തിലും വ്യാപകമായ ബോധവത്കരണം നടത്താനാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതൃയോഗം ആഹ്വാനം ചെയ്തത്.
കോട്ടുമല ബാപ്പുമുസ്ലിയാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എ. നജീബ് മൗലവി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ടി.പി. അബ്ദുല്ലക്കോയ മദനി, സി.പി. ഉമര്‍ സുല്ലമി, ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഹൈര്‍ മൗലവി, എന്‍ജിനീയര്‍ മുഹമ്മദ്കോയ, സി.ടി. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എ. മജീദ് സ്വാഗതവും എം.പി. അബ്ദുസ്സമദ് സമദാനി നന്ദിയും പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വിവിധ സംഘടനകളുടെ പ്രധാന ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.-Abu Hisham