അബൂദാബി : സമ്പൂര്‍ണ മദ്യ നിരോധനം എന്ന കേരള സര്‍ക്കാര്‍ നിലപാടിന് പൂര്‍ണ പിന്തുണ നല്‍കല്‍ പൊതു സമൂഹത്തിന്‍റെ ബാദ്ധ്യത ആണ് എന്ന് ഗള്‍ഫ് സത്യധാര അബൂദാബി ക്ലസ്റ്റര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ടോക് ഷോ അഭിപ്രായപ്പെട്ടു. "മദ്യ രഹിത കേരളം"എന്ന വിഷയത്തില്‍ നടന്ന ടോക് ഷോ ഏഷ്യാ നെറ്റ് റേഡിയോ പ്രോഗ്രാം ഡയരക്ടര്‍ രമേശ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. മദ്യ രഹിത കേരളത്തിന്റെ സാക്ഷാല്‍കാരത്തിന് ആദ്യം വേണ്ടത് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണെന്ന് രമേശ് പയ്യനൂര്‍ അഭിപ്രായപ്പെട്ടു. വര്‍ദ്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങള്‍, വാഹനാപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍ ഇവക്കു പിന്നിലെ പ്രധാന വില്ലന്‍ മദ്യമാണെന്ന് കേരളത്തിലെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രവാസി മലയാളികളും ഒരു പരിധി വരെ മദ്യത്തിന്റെ വ്യാപനത്തിന് കാരണക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോധവല്‍കരണം സ്കൂളുകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തുടങ്ങണം എന്ന് പറഞ്ഞ അദ്ധേഹം തിന്മയുടെ വ്യാപനം തടയാനുള്ള സത്യധാരയുടെ പരിശ്രമങ്ങളെ ശ്ളാഘിച്ചു.
മദ്യ ലഭ്യത കുറക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം അവസരോചിതമായിരുന്നു എന്ന് ചടങ്ങില്‍ സംസാരിച്ച ദുബൈ സുന്നി സെന്‍റര്‍ കോ ഓഡിനേറ്റര്‍ അലവിക്കുട്ടി ഹുദവി ചൂണ്ടിക്കാട്ടി. മദ്യത്തിന്‍റെ ലഭ്യത കുറക്കുന്നതോടൊപ്പം ബോധവല്‍ക്കരണം നടത്തിയാലെ ഫലവത്താകൂ എന്ന് അദ്ധേഹം പറഞ്ഞു. കേരളത്തില്‍ മദ്യം വരുത്തി വെക്കുന്ന പ്രശ്നങ്ങള അപകടകരമാം വിധം വര്‍ദ്ധിക്കുകയാണ്. മദ്യത്തിന്‍റെ ലഭ്യത ഇല്ലാതാക്കാനും നിയമം ലംഘിക്കുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വരണം. അതിനുവിവിധ ജാതി മത രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയുണ്ടാകണം. ശക്തമായ ധാര്‍മിക വിപ്ളവത്തിലൂടെ മാത്രമേ മദ്യ മുക്ത കേരളം സൃഷ്ടിക്കാന്‍ കഴിയൂ എന്ന് അഭിപ്രായപ്പെട്ട ഹുദവി. ഇസ്‌ലാമിന്റെ മദ്യ നിരോധനം ലോകത്തിനു മാതൃകയാണ് എന്ന് ചൂണ്ടിക്കാട്ടി.
സര്‍ക്കാറും വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക നേത്രത്വങ്ങളും പൊതു ജനങ്ങളും ഒന്നിച്ചു ചേര്‍ന്നാല്‍ മാത്രമേ മദ്യ രഹിത കേരളം എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കൂ എന്ന് അബൂദാബി മാര്‍ത്തോമ്മാ സിറിയന്‍ ചര്‍ച്ച് പ്രതിനിധി ഫാതര്‍ പ്രകാശ് അബ്രഹാം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മദ്യ നിരോധനവും പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് മദ്യ വര്‍ജനവും ഉണ്ടാകണം അദ്ധേഹം പറഞ്ഞു. .
മദ്യത്തിനെതിരെ എന്ന പോലെ തന്നെ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെയും പൊതു ജനശ്രദ്ധ കൊണ്ട് വരേണ്ടത് ആവശ്യമാണെന്ന് യു. എ. ഇ എക്സ്ചേഞ്ച് സെന്‍റര്‍ മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ നിര്‍ദേശിച്ചു. വ്യക്തികള്‍ ലഹരി മുകതരാകുംബോഴേ ക്രിയാത്മകമായ സമൂഹം രൂപപെടുകയുള്ളൂ എന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ഭരണ തലങ്ങളില്‍ മദ്യ രാജാക്കന്മാര്‍ക്ക് വന്‍ സ്വാധീനമാണുള്ളത് എന്ന് പറഞ്ഞ അദ്ധേഹം മദ്യ ലോപിയുടെ സഹായം വേണ്ടെന്നു വെക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധമാകണം എന്ന് നിര്‍ദേശിച്ചു.
കേരളം ലോക ഭൂപടത്തില്‍ തന്നെ മദ്യോപയോഗത്തില്‍ മുന്നില് നില്ക്കുകയാണ് എന്ന് മോഡറേറ്റര്‍ ആയിരുന്ന അബ്ദുല്‍ റഊഫ് അഹ്സനി പറഞ്ഞു. അന്തര് ദേശീയ മാധ്യമങ്ങളില്‍ പോലും കേരളം മദ്യോപയോഗത്തിന്റെ ഒരു വലിയ കേന്ദ്രമായി പരിചയപ്പെടുതപ്പെടുന്നത് എല്ലാ മലയാളികളെയും ലജ്ജിപ്പിക്കുന്നു. അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധി സാഹിത്യ വേദി പ്രസിഡണ്ട് വി. ടി. വി. ദാമോദരന്‍, റഫീഖ് ഹൈദ്രോസ്,റഷീദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ട്രഷറര്‍ ഷുകൂറലി കല്ലിങ്ങല്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രെട്ടറി വിനോദ് രാജഗോപാല്‍, കെ. എം. സി. സി. യു. എ. ഇ. നാഷണല്‍ കമ്മറ്റി ട്രഷറര്‍ യു. അബ്ദുല്ലാ ഫാറൂഖി, യു. എ. ഇ. സുന്നി കൗണ്‍സില്‍ സെക്രട്ടറി അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി, ഉസ്മാന്‍ ഹാജി,സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. താഹിര്‍ ഇസ്മായില്‍ പരിപാടി നിയന്ത്രിച്ചു.
- Rasheed Faizy