177 മില്യണ്‍ ജനങ്ങളുടെ മാതൃഭാഷയാണ് അറബിക്. മധ്യപൗരസ്ത്യ നാടുകളിലും ചില ആഫ്രിക്കന്‍ നാടുകളിലും അറബിയാണ് വ്യവഹാര ഭാഷയായി ഉപയോഗിക്കുന്നത്. ഇരുന്നൂറു കോടിയിലധികം വരുന്ന മുസ്‌ലിംകള്‍ ദിനേനെ ബന്ധപ്പെടുന്ന അത്യുല്‍കൃഷ്ട ഭാഷയാണത്. ഐക്യരാഷ്ട്ര രക്ഷാ സമിതി ആറാമത് ഭാഷയായി അറബിയെ അംഗീകരിച്ചിട്ടുണ്ട്. 22 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാണ്.
മദ്ധ്യപൂര്‍വ്വദേശത്ത് പല ഭാഷകള്‍ ഉപയോഗത്തിലുണ്ട്. പേര്‍ഷ്യന്‍(പെഹ്‌ലവി) കുര്‍ദിഷ്, ഹിമ്പ്രു, ടര്‍ക്കിഷ്, ബലൂചി, കാക്കേഷ്യന്‍, ബെര്‍ബര്‍ ഹമിറ്റിക്ക് എന്നീ ഭാഷകളോടൊപ്പം അറബിയും സംസാരിക്കപ്പെടുന്നു. ഇവയുടേയെല്ലാം അവസ്ഥാന്തരങ്ങളും, സമ്മിശ്രങ്ങളുമായി ഇനിയും കുറെയേറെ ഭാഷകള്‍ മദ്ധ്യപൂര്‍വ്വദേശത്ത് നിലവിലുണ്ട്. ഈ ഭാഷകള്‍ ഗര്‍ഭം ധരിച്ചുനില്‍ക്കുന്ന വിജ്ഞാനീയങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. മെസൊപൊട്ടോമിയ, ഈജിപ്ത് തുടങ്ങിയ പൗരാണിക സമൂഹങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് ഈ ഭാഷയുടെ തുടക്കം. അനേക സംസ്‌കാരങ്ങളും ചരിത്രാവശേഷിപ്പുകളും ലഭ്യമാവുന്നത് അറബിയിലൂടെയാണ്.
അറേബ്യന്‍ ഉപദ്വീപ്, ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, സുഡാന്‍ തുടങ്ങിയ നാടുകളിലൊക്കെ ആധിപത്യം അറബിഭാഷക്കാണ്. മക്ക, മദീന നഗരങ്ങളിലും അതിന്നിടയിലുള്ളവര്‍ സംസാരിച്ചിരുന്ന ഈ ഭാഷ, പഠിക്കാനവസരം നിഷേധിച്ചുകൂടാ. സെമിറ്റിക്ക് ഗ്രൂപ്പില്‍പ്പെട്ട ഏതാനും സമാനഭാഷകള്‍ ലയിച്ചു രൂപം കൊണ്ടതാണ് അറബിഭാഷ എന്ന ഭാഷാ പണ്ഡിതവിധി മാനിക്കുന്നതോടൊപ്പം കാലാകാലങ്ങളില്‍ സംഭവിച്ച പേര്‍ഷ്യന്‍, ഗ്രീക്ക് സ്വാധീനങ്ങള്‍ ഉള്‍ക്കൊണ്ട് കരുത്തും ശക്തിയും ആര്‍ജ്ജിച്ചിട്ടുണ്ട്.
കേരളത്തില്‍ അറബി ഭാഷ എത്തിയത് അറബ് വ്യാപാരികള്‍ വഴിയാണ്,
പ്രയോഗിച്ചു തുടങ്ങിയത് മാലിക് ബ്‌നു ദീനാറിലൂടെയും. ഒന്നാമത്തെ അറബി ഭാഷാ പരിചയം നടന്നിരിക്കുക കൊടുങ്ങല്ലൂരിലാവണം. അവിടെയാണല്ലോ പ്രഥമ മുസ്‌ലിം പള്ളി സ്ഥാപിതമായത്. പള്ളി ദര്‍സുകളിലാണ് കേരളത്തില്‍ അറബി ഭാഷ പുഷ്പിച്ചത്. അനേകം അറബിയിലുള്ള പദ്യ-ഗദ്യ രചനകള്‍ കേരളീയ പണ്ഡിതരുടെ സംഭാവനയായി നിലവിലുണ്ട്. 1956 മുതല്‍ കേരളത്തിലെ പല പൊതുവിദ്യാലയങ്ങളിലും അറബി രണ്ടാം ഭാഷയായി പഠിപ്പിച്ചുവരുന്നു. 1969 ലെ സപ്തകക്ഷി ഭരണകാലത്ത് അറബി ഭാഷക്ക് മുന്തിയ ഇടം പ്രാഥമിക കലാലയങ്ങളില്‍ ലഭ്യമായി. അറബി ഭാഷ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മൂന്ന് രക്തസാക്ഷികളുണ്ടായ നാടാണ് കേരളം.
1974 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അറബി ഭാഷാ ഗവേഷണത്തിന് വകുപ്പ് ആരംഭിച്ചു. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ ഇപ്പോള്‍ അറബി ഭാഷാ വിഭാഗം നിലവിലുണ്ട്. ഡിഗ്രി കോഴ്‌സുകളില്‍ രണ്ടാം ഭാഷയായും അറബി പഠിക്കുന്നു. എം.എ, എംഎഫില്‍ കോഴ്‌സുകള്‍, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ അറബിക്, ഡിപ്ലോമ ഇന്‍ ഫംഗ്ഷണല്‍ അറബിക്, ഡിപ്ലോമ ഇന്‍ മോഡേണ്‍ അറബിക് എന്നീ കോഴ്‌സുകള്‍ മധ്യപൗരസ്ത്യ നാടുകളില്‍ വിശിഷ്യാ ഗള്‍ഫ് നാടുകളില്‍ മികച്ച തൊഴില്‍ സാധ്യതകള്‍ ഉറപ്പു നല്‍കുന്നവയാണ്. സംസ്‌കൃത സര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല എന്നിവ സ്ഥാപിച്ചു ഭാഷകള്‍ക്കും പൈതൃകത്തിനും നല്‍കിയ അംഗീകാരം ശ്ലാഘനീയമാണ്. ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ വലിയ തൊഴില്‍ സാധ്യതയുള്ള അറബി ഭാഷയുടെ വികസനത്തിന് ഒരു സര്‍വ്വകലാശാല അനിവാര്യമാണ്.
സംസ്‌കൃത സര്‍വ്വകലാശാലയും മലയാള സര്‍വ്വകലാശാലയും കേരളത്തിന് സമ്മാനിച്ചത് മുസ്‌ലിം ലീഗ് പ്രസ്ഥാനമാണ്. സാമ്പത്തിക നൂലാമാലകള്‍ പറഞ്ഞു അറബിക് സര്‍വ്വകലാശാല താമസിപ്പിക്കാന്‍ ഇടവരരുത്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാലികമായ നിരവധി മാറ്റങ്ങള്‍ വരുത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് ഇക്കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. ധനകാര്യവകുപ്പിന്റെ സംശയങ്ങള്‍ തീര്‍ന്നു പാഠശാലകള്‍ തുടങ്ങാനാവില്ല. ആവശ്യമായ ഫണ്ടുകള്‍ കണ്ടെത്താന്‍ ഭരണാധികാരികള്‍ മനസുവെക്കണം. പണം ഒന്നിനും തടസ്സമാവരുത്.
സ്‌പെയിനിലൂടെ യൂറോപ്പിന്റെ അകത്തളങ്ങളില്‍ പടര്‍ന്നുകയറിയ ഇസ്‌ലാമിന്റെ നവോത്ഥാനങ്ങളില്‍ അറബിക്കവികള്‍ക്കുള്ള പങ്ക് സ്മരണീയമാണ്. അബ്ദുല്‍വലീദ് അഹമദ് ഇബ്‌നു സൈദൂന്‍ മുഹമ്മദ് ഇബ്‌നുല്‍ ഹാനി, അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു അമ്മാര്‍ അങ്ങനെ നീളുന്ന സ്‌പെയിനിലെ കവികള്‍. ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരത്തിന്റെ പരിണിതിയിലും അറബി ഭാഷാ വ്യാപനം എണ്ണുന്നതില്‍ പന്തികേടില്ല. സ്‌പെയിനിലെ ഇബ്‌നു അബൂറബീഹിന്റെ 'അല്‍ഇഖ്ദുല്‍ ഫരീദ്' അറബി സാഹിത്യത്തിന്റെ മേന്മകളുടെ സാക്ഷ്യമാണ്. ഇംറുല്‍ ഖൈസും ജിബ്രാനും അറബ് ഭാഷയുടെ സൗന്ദര്യം ആവാഹിച്ച് കവിത എഴുതിയവരാണ്.
സാഹിത്യലോകത്ത് അറബി ഭാഷ നല്‍കിയ സംഭാവനകളെ പോലെതന്നെ വിവിധ വിജ്ഞാന ശാഖകള്‍ക്കും അറബി ഭാഷ എണ്ണമറ്റ സംഭാവനകളാണ് നല്‍കിയത്. ഗോളശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയിലെ അറബി രചനകള്‍ അവിസ്മരണീയങ്ങളാണ്. ശാസ്ത്ര സാങ്കേതിക സാമൂഹിക പുരോഗതിയില്‍ അറബിഭാഷ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. പതിനഞ്ച് നൂറ്റാണ്ടുകള്‍ കൊണ്ട് ഈ ഭാഷ ഇത്രയേറെ പുരോഗമിച്ചു എന്ന് കൂടി ഓര്‍ക്കണം. നാലും അഞ്ചും ആയിരങ്ങള്‍ പഴക്കമുള്ള പല ഭാഷകള്‍ക്കും കൈവരിക്കാന്‍ കഴിയാത്ത ജനകീയ സ്വഭാവവും വളര്‍ച്ചയും വികസനവും, ആദരവും, അംഗീകാരവും അറബി ഭാഷക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന്റെ മാതൃഭാഷ എന്നതോടൊപ്പം ഒരു ജീവല്‍ ഭാഷയായി വളര്‍ന്നു കഴിഞ്ഞു.
ലോക തൊഴില്‍ വിപണിയില്‍ അവസരം തേടുന്ന നവകേരളീയര്‍ക്ക് അറബിഭാഷാ പരിജ്ഞാനം അത്യാവശ്യമായി വരുന്നു. അറേബ്യന്‍ ഗള്‍ഫ് നാടുകളിലും മധ്യപൗരസ്ത്യ നാടുകളിലും തൊഴില്‍ തേടിപ്പോയവരുടെ യഥാര്‍ത്ഥ കണക്ക് പതിനഞ്ച് ലക്ഷത്തിലധികമാണ്. കേരളത്തിന്റെ ശരാശരി അഞ്ച് ശതമാനത്തിലധികം അവിടങ്ങളെ ആശ്രയിക്കുന്നു. യഥാര്‍ത്ഥത്തില്‍ മികച്ച തൊഴില്‍ വിപണി കൂടിയാണ് അറേബ്യന്‍ ഉപദ്വീപ്. ആഫ്രിക്കയും പൗരാണിക ഭാഷ, വൈജ്ഞാനിക സമ്പത്ത് എന്നതിനൊപ്പം വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും തൊഴില്‍ സാധ്യതകൂടിയാണിത്. കൂടുതല്‍ മനുഷ്യ വിഭവശേഷി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് അറബ് രാഷ്ട്രങ്ങള്‍.
മനുഷ്യാദ്ധ്വാനം കയറ്റുമതി ചെയ്യുന്ന പ്രധാന രാഷ്ട്രം ഇന്ത്യയും. തൊഴില്‍സാധ്യത ചറിയ കാര്യമല്ല,സേവനങ്ങളും മാനുഷിക സഹായങ്ങളും പ്രധാന നിക്ഷേപങ്ങളും വ്യാപരാ സംരംഭങ്ങളും അറബി രാജ്യങ്ങള്‍ ഏറെ മുന്നേറിയിരിക്കുന്നു. ലോകത്തിലെ ഒന്നാംകിട നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും എയര്‍പോര്‍ട്ടുകളും വിപണിയും അറേബ്യയിലെ പല പട്ടണങ്ങള്‍ കൈയ്യടിക്കിയിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഭാവിയുടെ ഭാഷയും അവസരവുമാണ് അറബിക്.
ഇന്റര്‍നാഷണല്‍ അറബിക് സര്‍വ്വകലാശാല എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്ത് വിപ്ലവകരമായ കാല്‍വെപ്പ് നടത്തിയിരിക്കുന്നത്. അറബി ഭാഷ അന്തര്‍ദേശീയ പഠനങ്ങളുമായും ബന്ധിപ്പിക്കുകയും ഓര്‍മ്മിപ്പിക്കുകയുമാണ് നിര്‍ദ്ദിഷ്ട കലാശാലയുടെ മുഖ്യ ലക്ഷ്യം. കേരളം ഒരു അറബിക് സര്‍വ്വകലാശാലക്ക് എന്തുകൊണ്ടും പാകമായ മണ്ണാണ്. കാലം അത് കാതോര്‍ക്കുന്നുണ്ട്. മാധ്യമങ്ങളില്‍നിറഞ്ഞു നിന്ന സര്‍വ്വകലാശാല ചര്‍ച്ചകളും, സര്‍ക്കാര്‍ തലത്തില്‍ നടന്ന പഠനങ്ങളും പരിശോധനകളും യാഥാര്‍ത്ഥ്യമാവണം. ലോകം വിദ്യാഭ്യാസത്തിന് കല്‍പിക്കുന്ന ഇടം അറിയാത്തവരല്ല ആരും. ധനകാര്യമെക്കാനിസം മാത്രം നോക്കി നിര്‍ദ്ദിഷ്ട അറബിക് സര്‍വ്വകലാശാലയുടെ കഴുത്തൊടിക്കരുതെന്നാണ് ഭാഷാ പ്രേമികളുടെ അഭ്യര്‍ത്ഥന.