SKSSF സില്‍വര്‍ ജൂബിലി; 250 സഹചാരി റിലീഫ് സെന്റര്‍ സ്ഥാപിക്കും

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇരുന്നൂറ്റി അമ്പത് കേന്ദ്രങ്ങളില്‍ സഹചാരി റിലീഫ് സെന്ററുകള്‍ ആരംഭിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സില്‍വര്‍ ജൂബിലി കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സംയുക്ത യോഗം തിരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ റിലീഫ് വിംഗായ സഹചാരിയുടെ ആതുര സേവന പ്രവര്‍ത്തനങ്ങളും സന്നദ്ധ വിഭാഗമായ വിഖായയുടെയും പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച് കൊണ്ടാണ് റിലീഫ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ആതുര സേവനം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ദുരന്ത മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരേതര അനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, പൊതുസേവന പ്രവര്‍നത്തങ്ങള്‍ എന്നിവ സെന്ററുകളില്‍ ലഭ്യമാകും. നൂറു വീതം വിഖായ വളണ്ടിയര്‍മാര്‍ ഓരോസെന്ററുകളുടെ കീഴില്‍ പ്രവര്‍ത്തിക്കും. സ്റ്റേറ്റ് വിഖായ ട്രൈനേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പരിശിലന പരിപാടികള്‍ സെപ്തംബര്‍ അവസാന വാരം സംസ്ഥാനത്തെ നൂറ്റിയമ്പത് മേഖലകളെ കേന്ദ്രീകരിച്ച് ആരംഭിക്കും.
അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ യോഗം ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍ കുട്ടി, സി.എച്ച് ത്വയ്യിബ് ഫൈസി, ശാഹുല്‍ ഹമീദ് മേല്‍മുറി, എം.പി.കടുങ്ങല്ലൂര്‍, ഇബ്രാഹീം ഫൈസി പേരാല്‍, അയ്യൂബ് കൂളിമാട്, റഫീഖ് അഹമ്മദ് തിരൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. ഓണംപിള്ളി മുഹമ്മദ്ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE