പൊതുപരീക്ഷാ രേഖകള്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഡിവിഷന്‍ സൂപ്രണ്ട് റസാഖ് മുസ്‌ലിയാര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു |
ചേളാരി : മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ടവരും തീര്‍ത്തും നിര്‍ധനരരുമായ അനേക ലക്ഷം ബാല്യങ്ങള്‍ ഭാരതത്തിലുണ്ട്. അവരുടെ ഉത്തരവാദിത്വം സമൂഹത്തിന്റെ പൊതുബാധ്യതയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ചേളാരി സമസ്താലയത്തില്‍ പൊതുപരീക്ഷാ സൂപ്രണ്ടുമാരുടെ ദ്വിദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണം പോലെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസവും. ഇത് രണ്ടും വേണ്ട അളവില്‍ ലഭിക്കാതിരുന്നാല്‍ ശാരീരിക അസുഖങ്ങളും ആത്മീയ അസുഖങ്ങളും പിടിപെടും. അനന്തരഫലം ക്രിമിനലുകളും, ദുര്‍ബലരുമായ ഒരു ജനതയുടെ സാന്നിദ്ധ്യമാണ്. ഇത് സമുദായത്തിനോ, സമൂഹത്തിനോ, രാഷ്ട്രത്തിനോ ഗുണം ചെയ്യില്ല. അനാഥകളും അഗതികളും സംരക്ഷിക്കപ്പെടുന്നതിന് സംവിധാനങ്ങളുണ്ടാക്കിയ സംഘാടകരെയും സ്ഥാപനങ്ങളെയും സര്‍വ്വാത്മനാ സഹായിക്കുന്നതാവണം നമ്മുടെ സമീപനരീതികള്‍. മറിച്ചുള്ള നീക്കങ്ങള്‍ നന്മക്കെതിരിലുള്ളതാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുത്തു. കെ.എഛ്. കോട്ടപ്പുഴ, പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍. കെ.സി.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രസംഗിച്ചു.
- Samasthalayam Chelari